Thursday, September 20, 2012

അവാര്‍ഡ് തിളക്കത്തില്‍ റോളി സൈമണ്‍




പറപ്പൂര്‍: ദൃശ്യമാധ്യമത്തില്‍ കൈയൊപ്പു ചാര്‍ത്തുന്ന അദൃശ്യ സാന്നിധ്യമായിമാറുകയാണ് റോളി സൈമണ്‍ എന്ന യുവാവ്. ടെലിവിഷനില്‍ അനിവാര്യമായ ഗ്രാഫിക്സില്‍ കൈയടക്കവും കരവിരുതും തെളിയിച്ചുകൊണ്ട് റോളിയുടെ അനിമേഷനുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടു. അതിന്റെ ഉദാഹരണമെന്നോണം 2012ലെ സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് നേടിയ നാല് പരിപാടികള്‍ക്ക് ഗ്രാഫിക്സ് ചെയ്തത് ഒരു നിമിത്തമായി ഈ കലാകാരന്‍ കാണുന്നു. ദൈവത്തിന്റെ സ്വന്തം ദേവൂട്ടി, ജോണ്‍ ഡി പാനിക്, മറിമായം (മഴവില്‍ മനോരമ), കാഴ്ച്ചപ്പതിപ്പ് (ജീവന്‍ടിവി) എന്നിവയുടെ ടൈറ്റില്‍ ഗ്രാഫിക്സിനാണ് അവാര്‍ഡ് തിളക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തില്‍ മാസ്റര്‍ ബിരുദധാരിയായ ഈ യുവാവ് യാദൃശ്ചികമായാണ് ഗ്രാഫിക്സ് രംഗത്തേക്ക് കടന്നു വരുന്നത്. ജന്മനാസിദ്ധിച്ച വരയ്ക്കാനുള്ള കഴിവ് തനിക്കു ഗ്രാഫിക്സില്‍ മുതല്‍ക്കൂട്ടായെന്നു റോളി പറയുന്നു. പ്രത്യേകിച്ചു ത്രീ ഡി അനിമേഷന്‍ എന്നത് ഈ യുവാവിന്റെ കഴിവിനെ എടുത്തു കാട്ടുന്നു. കാരിക്കേച്ചര്‍, ജലഛായം, ശില്പകല എന്നിവയില്‍ വളരെ ചെറുപ്പത്തില്‍ തന്നെ ധാരാളം സമ്മാനങ്ങള്‍ കരസ്ഥമാക്കിയിട്ടുണ്ട് റോളി. ഏഴു വര്‍ഷത്തോളമായി ടെലിവിഷന്‍ രംഗത്ത് ജോലി ചെയ്യുന്ന റോളി ശാലോം ടിവിയിലാണ് റോളി തന്റെ ടെലിവിഷന്‍ ജീവിതം ആരംഭിക്കുന്നത്. നാലു വര്‍ഷത്തോളം ശാലോമില്‍ ജോലി ചെയ്തതിനു ശേഷം ജീവന്‍ ടിവി, ഇന്ത്യാവിഷന്‍ തുടങ്ങിയ ചാനലുകളിലും മഴവില്‍ മനോരമയുടെ തുടക്കം മുതല്‍ അവിടെ ജോലി ചെയ്യുന്നു. കേവലം ഗ്രാഫക്സില്‍ മാത്രം ഒതുങ്ങുന്നതല്ല റോളിയുടെ ജീവിതം. താന്‍ പഠിച്ച മലയാള ഭാഷയില്‍ കവിതയുടെ വേറിട്ട ശബ്ദവും റോളിയുടെ സ്വന്തം. ഏതാണ്ട് അമ്പതോളം കവിതകള്‍ എഴുതിയ റോളിയുടെ ആദ്യ കവിതാ സമാഹാരമാണ് മഴ നനയുന്ന വീട്. രണ്ടാമത്തെ കവിതാ സമാഹാം ഉടലില്‍ പൂഴ്ന്നു പോയ തലകള്‍ ഉടന്‍ പുറത്തിറങ്ങും. പറപ്പൂര്‍ കോലത്താട് ചിറ്റിലപ്പിള്ളിയില്‍ സൈമണ്‍ - ലൂസി സൈമണ്‍ ദമ്പതികളുടെ മൂത്ത മകനാണ് റോളി. റൂബി ലോറന്‍സ്, റോണി ജോയ് എന്നിവരാണ് സഹോദരികള്‍.കവിതയ്ക്ക് അസീസി അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

No comments:

Post a Comment