Thursday, November 1, 2012

മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തോളൂര്‍ ഗ്രാമപഞ്ചായത്തിന്

പുഴയ്ക്കല്‍: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി നടപ്പിലാക്കിയ പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്തിലെ മികച്ച പഞ്ചായത്തിനുള്ള അവാര്‍ഡ് തോളൂര്‍ ഗ്രാമപഞ്ചായത്തിന് ലഭിച്ചു. കഴിഞ്ഞ വര്‍ഷം തൊഴിലുറപ്പു പദ്ധതി പ്രകാരം തോളൂര്‍ പഞ്ചായത്തില്‍ ഒരു കോടി രൂപ ചെലവഴിച്ചു. തൊഴിലുറപ്പു പദ്ധതി പ്രകാരം സ്ത്രീ തൊഴിലാളികള്‍ പഞ്ചായത്തിലെ 13 വാര്‍ഡുകളിലായി 36 കിണറുകള്‍ കുഴിച്ചിരുന്നു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് ശുദ്ധജല സൌകര്യം എന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് കിണറുകള്‍ കുഴിച്ചത്. ഓരോ കിണറിനും 80 മുതല്‍ 90വരെ തൊഴില്‍ ദിനങ്ങളാണ് വേണ്ടി വന്നത്.  തോടുകള്‍ വൃത്തിയാക്കി കയര്‍ ഭൂവസ്ത്രം ധരിപ്പിക്കല്‍, കാനകോരല്‍, കൃഷിഭൂമിയൊരുക്കല്‍ തുടങ്ങിയ പ്രവൃത്തികളും തൊഴിലുറപ്പ് തൊഴിലാളികള്‍ ഏറ്റെടുത്ത് നടപ്പിലാക്കിയിരുന്നു. പുഴയ്ക്കല്‍ ബ്ളോക്ക് പഞ്ചായത്ത് ഹാളില്‍ നടന്ന യോഗത്തില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി ദാസന്‍, തോളൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്‍.പി സരോജനിക്ക് അവാര്‍ഡ് സമ്മാനിച്ചു. ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഓമന രവീന്ദ്രന്‍ അദ്ധ്യക്ഷയായിരുന്നു. ചടങ്ങില്‍ ഭരണസമിതി അംഗങ്ങളായ വി.ഓ ചുമ്മാര്‍, ലൈജു സി.എടക്കളത്തൂര്‍, ആനി ജോസ്, ഷീന വില്‍സന്‍, ശ്രീകല കുഞ്ഞുണ്ണി, എ.സതീശന്‍, വിജയ ലക്ഷ്മി മനോഹരന്‍, പഞ്ചായത്ത് സെക്രട്ടറി സുഹറ എന്നിവര്‍ പങ്കെടുത്തു. ഏറ്റവും കൂടുതല്‍ തുക ചെലവഴിച്ച പുഴയ്ക്കല്‍ ബ്ളോക്കിലെ രണ്ടാമത്തെ വാര്‍ഡിനുള്ള പുരസ്ക്കാരം തോളൂര്‍ പഞ്ചായത്ത് ഒന്നാം വാര്‍ഡ് മെമ്പര്‍ ഷാജു കെ.സിയും മികച്ച അക്രഡിനുള്ള പുരസ്ക്കാരം ജൂലി സി.വിയും ഡാറ്റാ ഓപ്പറേറ്റര്‍ക്കുള്ള പുരസ്ക്കാരം മിനി ജോയിയും ഏറ്റുവാങ്ങി.

No comments:

Post a Comment